Tuesday, December 13, 2016

ആത്മോപദേശ ശതകം ഖണ്ഡം 3


കരുവായത് എന്തെന്ന് വിവരിക്കാൻ സാധിക്കില്ല. ഉള്ളിലും പുറത്തും നിറയുന്ന വൈഭവം, ആത്മസത്ത എന്നൊക്കെ ഉപരിപ്ലവമായ ചില പരിപ്രേക്ഷ്യങ്ങൾ ആവാം എന്ന് മാത്രം. എന്തായാലും ഗുരുവിന്റെ അഥവാ യോഗിയുടെ ഉള്ളിലും പുറമെയും സമമായി വിളങ്ങുന്ന ആത്മസത്തയെ കണ്ണുകൾ അഞ്ചും ഉള്ളിലടക്കി വീണു വണങ്ങണം എന്ന് ശ്രീനാരായണ ഗുരു.

കണ്ണുകളഞ്ചും- മനുഷ്യന് എവിടെയാണ് 5 കണ്ണുകൾ. അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും അഞ്ചാണെന്ന് തന്ത്രം പറയുന്നു. കണ്ണ്,മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിങ്ങനെയുള്ള ജ്ഞാനേന്ദ്രിയങ്ങൾ എങ്ങനെ അടക്കും. വാക്, പായു, പാണി, പാദ, ഉപസ്ഥാദിയായ പഞ്ച കർമ്മേന്ദ്രിയങ്ങളെ അടക്കാൻ എളുപ്പമാണ് എന്ന് തോന്നുന്നു. വാക്കുകൾ അടക്കാൻ സംയമം പാലിക്കാൻ മനുഷ്യന് സാധിക്കും. പാണി (കൈ) കൊണ്ടുള്ള ചലനങ്ങൾ, അവയുടെ നിയന്ത്രണവും മനുഷ്യന് അടക്കാനാവും. ആഹാരനിയന്ത്രണം വഴി പായു മുഖേനയായ വിസർജ്ജനം നിയന്ത്രിക്കാം. വൈകാരിക സംയമനം മുഖേന പ്രത്യുൽപാദനവും. ആദ്യം വിവരിച്ച കണ്ണ്, മൂക്ക്, നാക്ക്, ത്വക്കാദികളെ എങ്ങനെ അടക്കാനാവും എന്ന് നിശ്ചയമില്ല.

Monday, December 12, 2016

ആത്മോപദേശശതകം ഖണ്ഡം 2

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം. (ആത്മോപദേശ ശതകം 1)

അറിവ് - വിജ്ഞാനമാണോ ജ്ഞാനമാണോ എന്ന് തിട്ടമില്ല. വിജ്ഞാനമെന്നത് ലൌകികമായ വിഷയങ്ങളിലുള്ള അറിവും ജ്ഞാനമെന്നത് അലൌകികമായവയിലുള്ള അറിവുമെന്ന് സാമാന്യമായി പറയുന്നു. ജ്ഞാനത്തെക്കാളും വിശേഷമായ അറിവ് എന്താവും. അഭൌമമായ ജ്ഞാനമാണോ.

ഗുരു, യോഗി, ഈ ഗണത്തിലുള്ളവർ അറിവുള്ളവർ എന്ന് ഗണിക്കപ്പെടുന്നു. സാമാന്യമായ ജ്ഞാനത്തിലും വിശേഷമായ അറിവുള്ളവൻ സ്വാഭാവികമായും യോഗി തന്നെ ആയിരിക്കും. ജ്ഞാന വിജ്ഞാനങ്ങളെ യോജിപ്പിക്കുന്നവൻ യോഗി, ശരീരത്തെയും അന്തക്കരണത്തെയും യോജിപ്പിക്കുന്നവനും യോഗി. സൂക്ഷ്മ, കാരണ ശരീരങ്ങളെ യോജിപ്പിക്കുന്നവൻ യോഗി. യോഗിക്ക് വിശേഷണങ്ങൾ നിരവധി ചാർത്താം. ഗുരു യോഗി ആവുന്നത് ശിഷ്യന് വർണ്ണിക്കാവുന്നതിലും ഉപരിയായ സാധ്യതകളെ തുറന്നു തരുന്നു. ലൗകികമായ ജ്ഞാനമുള്ള, പരമാത്മജ്ഞാനമുള്ള, യോഗിയായ ഗുരു അറിവിലും ഏറി അറിയുന്നവൻ തന്നെ, സംശയമില്ല.

തന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും - ഉരു ശരീരം. ഒത്ത് പുറത്തുമുജ്വലിക്കുക എന്നാൽ ഉള്ളിലേതിന് സമമായി പുറത്തും പ്രകാശിക്കുന്ന എന്നർത്ഥം.

കരു- ആത്മസത്ത, എന്തിന്റെയോ രസം, ഉള്ളടക്കം, സൂക്ഷ്മശരീരം, അന്തക്കരണം ആദിയായവ.

പ്രസ്തുത അറിവിന് അവകാശിയായവന്റെ ഉള്ളിലും പുറത്തും സമമായി പ്രകാശിക്കുന്ന കരു.

അറിവ് അനന്തമാണ്. അനാദിയാണ്. അനന്തം എന്നാൽ അവസാനമില്ലാത്തത്, അനാദി എന്നാൽ തുടക്കമില്ലാത്തത്. നഗ്നനേത്രങ്ങൾക്ക് ഗോചരമായ ആദിയും അന്തവും അറിവിന് ഇല്ല തന്നെ. അറിവ് സ്വാംശീകരിച്ച യോഗിയുടെ ഉള്ളിൽ തിളയ്ക്കുന്നത് അനാദിയും അനന്തവുമായ അക്ഷയഖനിയാണ്. അതേഭാവത്തിൽ പുറത്തും പ്രകാശിക്കുന്ന കരു എന്താണ്. വിഷ്ണു എന്ന പദത്തിന്റെ അർത്ഥവ്യാപ്തിയിലേക്ക് വിരൽ ചൂണ്ടട്ടെ. വിഷ്ണു എന്നത് വ്യാപനശീലൻ. അകത്തും പുറത്തും ഒരേഭാവത്തിൽ പ്രകാശിക്കുന്നതിന് കഴിയുന്ന കരു വിഷ്ണു അല്ലേ. വായുവിന് കടക്കാവുന്ന അന്തരാളങ്ങൾക്ക് പരിധിയുണ്ട്. കോശങ്ങൾക്ക് സൂക്ഷ്മതലത്തിലും ശൂന്യതയിലും പ്രസക്തിയില്ല. ആന്തരികത്തിലെ സൂക്ഷ്മതലത്തിലും ബഹിർലോകത്തെ സൂക്ഷ്മ സ്ഥൂല തലങ്ങളിലും ഒരേ പോലെ വർത്തിക്കുന്നതിന് സാധിക്കുന്ന കരു എന്താണ്. തീർച്ചയായും നേത്രഗോചരമല്ല.

Tuesday, December 6, 2016

ആത്മോപദേശശതകം - ശ്രീ നാരായണഗുരു


ഖണ്ഡം - 1



ഇത്തരമൊരു ബ്ലോഗിന്‍റെ പ്രസക്തിയെക്കുറിച്ച് കുറച്ചു നാളുകളായി ആലോചിക്കുന്നു. തുടക്കം എങ്ങനെ വേണമെന്ന സംശയം നിവര്‍ത്തി ആയത് ശ്രീനാരായണഗുരു രചിച്ച ആത്മോപദേശശതകം കടന്നു വന്നതോടെയാണ്. ഗുരുക്കന്മാരെ വന്ദിച്ച് തുടങ്ങുന്നു. (വ്യവസ്ഥാപിതമതങ്ങളോടും ജാതികളോടും രചനാകാരനുള്ള താല്‍പര്യമില്ലായ്മ വ്യക്തമാക്കിക്കൊണ്ടു തന്നെ തുടങ്ങാം.)
ലോകത്താകെ നൂറുകണക്കിന് മതങ്ങളുണ്ട്. ഇവയെല്ലാം തങ്ങളാണു യഥാർഥം എന്നോ മറ്റുള്ളവയെല്ലാം അബദ്ധജടിലം എന്നോ സ്ഥാപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ മതങ്ങളുടെ ഉദ്ദേശം എന്താണ്, എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടത് എന്നു പരിശോധിച്ചാൽ പ്രസ്തുത അവകാശവാദങ്ങളുടെ പൊള്ളത്തരം മനസ്സിലാകും. 


മതങ്ങളുടെ സ്ഥാപനം ഒരെത്തിനോട്ടം


ആദിമകാലത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മനുഷ്യൻ  കൂടുണ്ടാകണം, കൂട്ടുണ്ടാകണം എന്ന തോന്നലിന്റെ പ്രേരണ സഹിയാതെ വിവാഹിതനായി. ഭാര്യ, ഭർത്തൃ, പുത്ര, പുത്രീ ബന്ധങ്ങൾ അവന്റെ അലച്ചിലിനെ അവസാനിപ്പിച്ചു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി അവൻ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തു തുടങ്ങി. വന്യജന്തുക്കൾ, മഴ, പുഴ, പർവ്വതം, പ്രകൃതി ദുരന്തങ്ങൾ ഇവയിൽ നിന്ന് തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ അവൻ ഉപായം അന്വേഷിക്കാൻ ആരംഭിച്ചു. ഈയൊരു പൊരുത്തപ്പെടൽ അവന് ഒരു ദിശാബോധവും അച്ചടക്കവും കൊണ്ടുവന്നു എന്നുള്ളത് വാസ്തവമാണെങ്കിലും അവന്റെ സാർവ്വലൌകികമായ പല കാഴ്ചപ്പാടുകൾക്കും അവസാനമായി എന്നു വേണം കരുതാൻ. തന്റെ ഭാര്യയെ അന്യൻ ഉപയോഗിക്കാതിരിക്കാനും മകളെ തനിക്കിഷ്ടമില്ലാത്തവൻ വിവാഹം കഴിക്കുന്നതു തടയാനും വേണ്ടി അവൻ അന്യരിൽ നിന്നും ദൂരം അന്വേഷിച്ചു തുടങ്ങി. ആ ദൂരം അവനെ സുരക്ഷിതത്വത്തിന്റെ ഭവനനിർമ്മാണത്തിലേക്കെത്തിച്ചു. വീടു കെട്ടി പാർപ്പു തുടങ്ങിയതോടെ അവൻ ഏകപത്‌നീവ്രതവും അവൾ പാതിവ്രത്യവും ആചരിക്കാൻ ആരംഭിച്ചു. 

താൻ ആചരിക്കുന്ന വ്രതത്തിന് സമൂഹത്തിൽ അനേകരുടെ പിന്തുണ ലഭിച്ചത് അവനെ സമൂഹത്തിനുള്ളിലെ സുരക്ഷിതത്വത്തെക്കുറിച്ച് മതിപ്പുള്ളവനാക്കി. കൃഷി, കുടുംബപരിപാലനം തുടങ്ങിയവയിലെല്ലാം സമൂഹത്തിനുള്ളത്, കുടുംബത്തിനുള്ളത് എന്നിങ്ങനെ രണ്ട് വേർതിരിവുകൾ കാലക്രമേണ കൊണ്ടുവരാൻ അവന് സാധിച്ചു. ഈ വേർതിരിവുകളുടെ സുരക്ഷിതമായ പരിപാലനം തനിയെ സാധിക്കാതെ വന്നതോടെ സാമൂഹിക നേതൃത്വം എന്ന സ്ഥാപനത്തിലേക്ക് അവന്റെ ചിന്ത കടന്നു. ഗോത്രത്തലവന്മാർ, പിതാക്കന്മാർ, പുരോഹിതന്മാർ, മൂപ്പന്മാർ എന്നിങ്ങനെയുള്ള സാമൂഹിക നേതൃത്വം ഇത്തരുണത്തിൽ ഉദയം ചെയ്തതാണ് എന്നു വേണം കരുതാൻ. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കൃത്യമായ പരിപാലനം, കുടുംബ-സമൂഹ വ്യതിരിക്തത, വൈയക്തികബന്ധങ്ങളുടെ സുസ്ഥാപനം ഇവയൊക്കെ ഈ നേതൃത്വത്തിന്റെ അധികാരപരിധിയിൽ ഉള്ളവയായിരുന്നു. പ്രസ്തുത നേതൃത്വത്തിന് ഒരുവന്റെ കുടുംബകാര്യങ്ങളിൽ പോലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. 

ഓരോ പ്രദേശത്തെയും നേതൃത്വം പ്രസ്തുത പ്രദേശത്തിന് അനുകൂലമായ ചില ആചാരങ്ങളെ കണ്ടെടുത്തു. ഉദാഹരണത്തിന്, തണുപ്പു കൂടുതലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കുളി എന്ന പ്രക്രിയക്ക് ഇന്ത്യൻ സാഹചര്യത്തിലെ അത്ര പ്രാധാന്യമില്ല. ഭാരതീയ പൈതൃകം ശരീരശുദ്ധിയ്ക്ക് ജലം, മണ്ണ് മുതലായ മാർഗ്ഗങ്ങളെ നിർദ്ദേശിച്ചു, എങ്കിൽ തണുപ്പു കൂടുതലുള്ള പ്രദേശങ്ങളിൽ ശരീരശുദ്ധിക്ക് ജലം അത്രത്തോളം അവശ്യമായിരുന്നില്ല. കാലക്രമേണ മനുഷ്യജീവിതത്തിലെ മിക്കവാറും എല്ലാ ഘടകങ്ങളും ഈ നേതൃത്വത്തിന്റെ അധികാരപരിധിയിലെത്തി. ചിലയിടങ്ങളിൽ ബിംബാരാധന നിലവിൽ വന്നു. ചിലയിടങ്ങളിൽ ശബ്ദഘോഷമുയർത്തിയ കൂട്ടപ്രാർത്ഥനകളും. ചുരുക്കത്തിൽ, ഇവയൊന്നും തെറ്റോ ശരിയോ ആകുന്നില്ല. അതത് സാഹചര്യങ്ങളിൽ അനുയോജ്യമായവ എന്നേ പറയാനാവൂ. ഗോപൂജ, വൃക്ഷപൂജ, നദീപൂജ മുതലായവ മലമടക്കുകളുടെ ഇടയിലും ഹിമവാന്റെ ഉത്തുംഗശൃംഗത്തോടു ചേർന്നു ജീവിക്കുന്നവർക്കും കന്നുകാലികളെക്കൊണ്ട് ജീവസന്ധാരണം നടത്തുന്നവർക്കും ഒഴിച്ചുകൂട്ടാനാവാത്തതാണ്. അത് അന്യദേശക്കാർ അനുവർത്തിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് തന്റെ ശരിയിലേക്ക് അന്യന്റെ തെറ്റിനെ ആവാഹിക്കലാണ്. അതായത്, തനിക്ക് ശരിയെന്നു തോന്നുന്ന ഒന്നിനു വേണ്ടി മറ്റുള്ളവനെ തെറ്റുചെയ്യിപ്പിക്കൽ..

(തുടരും)

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം. (ആത്മോപദേശ ശതകം 1)